FLASH NEWS

'ഇരകൾ ഭയന്ന് ജീവിക്കുന്നു’ : സ്ത്രീസുരക്ഷയെപ്പറ്റി രാഷ്ട്രപതി

WEB TEAM
September 02,2024 09:56 AM IST

ന്യൂഡെൽഹി :  കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കു സമൂഹത്തിന്റെ പിന്തുണ ഇല്ലാത്തതിൻ ആശങ്കയറിയിച്ച് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണു രാഷ്ട്രപതിയുടെ വാക്കുകൾ എന്നത് ശ്രദ്ധേയമാണ്. സുപ്രീംകോടതിയുടെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാ ജുഡീഷ്യറി ദേശീയ സമ്മേളനത്തിന്റെ സമാപന പ്രസംഗത്തിലായിരുന്നു രാഷ്ട്രപതിയുടെ വിമർശനം. '‘കുറ്റകൃത്യം ചെയ്ത ശേഷം കുറ്റവാളികൾ നമ്മുടെ സമൂഹത്തിൽ നിർഭയം ജീവിക്കുന്നതു ദുഃഖകരമാണ്. കുറ്റകൃത്യങ്ങളുടെ ഇരകളാകുന്നവരാകട്ടെ ഭയന്നും ജീവിക്കുന്നു. ഇരകളായ സ്ത്രീകളുടെ അവസ്ഥ കൂടുതൽ മോശമാണ്.സമൂഹം അവരെ പിന്തുണയ്ക്കുന്നില്ല. സമീപകാലത്തു ഭരണസംവിധാനം, അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യശേഷി എന്നിവയിൽ പുരോഗതിയുണ്ടായി. എന്നാൽ ഈ മേഖലകളിലെല്ലാം ഇനിയുമേറെ ചെയ്യാനുണ്ട്. പരിഷ്കാരത്തിന്റെ എല്ലാ തലങ്ങളിലും ദ്രുതഗതിയിലുള്ള പുരോഗതി വേണം. സമീപ വർഷങ്ങളിൽ തിരഞ്ഞെടുപ്പ് സമിതികളിൽ സ്ത്രീകളുടെ എണ്ണം വർധിച്ചത് സന്തോഷകരമാണ്.’’– രാഷ്ട്രപതി വ്യക്തമാക്കി.

 

 

കൊൽക്കത്തയിലെ ആശുപത്രിയിൽ ജൂനിയർ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും, മലയാള സിനിമാ മേഖലയിലെ നടന്മാർക്കെതിരെ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും കേസുകൾ റജിസ്റ്റർ ചെയ്യുന്നതും രാജ്യത്തു സ്ത്രീസുരക്ഷയെ കുറിച്ച് ആശങ്കയുയർത്തുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ വാക്കുകൾ എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസവും രാഷ്ട്രപതി സമാനമായ പ്രതികരണം നടത്തിയിരുന്നു. കൊൽക്കത്തയിലെ ആർ.ജി.കർ ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പരിഭ്രമവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നു എന്നായിരുന്നു ദ്രൗപദി മുർമുവിൻ്റെ വാക്കുകൾ. ''സ്ത്രീകളെ ഉപദ്രവിക്കാൻ അനുവദിക്കുന്നതു നിന്ദ്യവും കൂട്ടായതുമായ ഓർമക്കുറവാണ്. സ്ത്രീകളെ കഴിവില്ലാത്തവരും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലർ കാണുന്നു.സ്ത്രീകളെ കേവലം ഉപഭോഗവസ്തു മാത്രമായാണു ചിലർ കാണുന്നത്.രാജ്യത്തു സ്ത്രീകൾക്കെതിരെ വൈകൃത ചിന്തയോടെ നടക്കുന്ന പ്രവണതകൾ തടയണം.സ്ത്രീകളുടെ ഉയർച്ച തടയുന്നത് അനുവദിക്കില്ല'' രാഷ്ട്രപതി തുറന്നടിച്ചു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.